ഒടുവില്‍ സ്വതന്ത്രനായി
ലെബനനിലെ രൂക്ഷമായ ആഭ്യന്തര യുദ്ധകാലത്ത് അഞ്ചുവര്‍ഷം ബന്ദിയാക്കപ്പെട്ട ബ്രിട്ടീഷ് പത്രപ്രവര്‍ത്തകനായ ജോണ്‍ മക്കാര്‍ത്തി, തന്റെ വിടുതലിനായി മധ്യസ്ഥശ്രമങ്ങള്‍ നടത്തിയ മനുഷ്യനെ ഇരുപത് വര്‍ഷങ്ങള്‍ക്കുശേഷമാണ് കണ്ടുമുട്ടിയത്. ഒടുവില്‍ യുഎന്‍ പ്രതിനിധിയായ ജിയാന്‍ഡോമെനിക്കോ പിക്കോയെ കണ്ടപ്പോള്‍ മക്കാര്‍ത്തി പറഞ്ഞു, ''എന്റെ സ്വാതന്ത്ര്യത്തിന് നന്ദി!'' ആ ഹൃദയംഗമമായ വാക്കുകള്‍ വളരെയധികം അര്‍ത്ഥവത്തായിരുന്നു.
കാരണം പിക്കോ സ്വന്തം ജീവന്‍ പണയപ്പെടുത്തിയാണ് മക്കാര്‍ത്തിക്കും മറ്റുള്ളവര്‍ക്കും സ്വാതന്ത്ര്യം നേടിക്കൊടുക്കുന്നതിനായി അപകടകരമായ ചര്‍ച്ചകള്‍ നടത്തിയത്.
വിശ്വാസികളായ നമുക്ക് കഠിനാധ്വാനത്തിലൂടെ നേടിയ അത്തരം സ്വാതന്ത്ര്യത്തോടു നമ്മെ ബന്ധിപ്പിക്കാന്‍ കഴിയും. നാം ഉള്‍പ്പെടെ എല്ലാ ആളുകള്‍ക്കും ആത്മീയ സ്വാതന്ത്ര്യം നേടിക്കൊടുക്കുന്നതിനായി യേശു തന്റെ ജീവിതം നല്‍കി - ഒരു റോമന്‍ ക്രൂശില്‍ മരണം വരിച്ചു. ''സ്വാതന്ത്ര്യത്തിനായി ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി'' എന്ന് അപ്പൊസ്തലനായ പൗലൊസ് ധൈര്യത്തോടെ പ്രഖ്യാപിച്ചു (ഗലാത്യര്‍ 5:1).
'പുത്രന്‍ നിങ്ങള്‍ക്കു സ്വാതന്ത്ര്യം വരുത്തിയാല്‍, നിങ്ങള്‍ സാക്ഷാല്‍ സ്വതന്ത്രര്‍ ആകും' എന്നു രേഖപ്പെടുത്തിക്കൊണ്ട് യോഹന്നാന്റെ സുവിശേഷം ക്രിസ്തുവിലുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചും പഠിപ്പിക്കുന്നു (യോഹന്നാന്‍ 8:36).
എന്നാല്‍ ഏതെല്ലാം നിലകളിലാണ് സ്വാതന്ത്ര്യം? പാപത്തില്‍ നിന്നും അതിന്റെ എല്ലാ കെട്ടുപാടുകളില്‍നിന്നും മാത്രമല്ല, കുറ്റബോധം, ലജ്ജ, ഉത്കണ്ഠ, സാത്താന്റെ നുണകള്‍, അന്ധവിശ്വാസങ്ങള്‍, തെറ്റായ പഠിപ്പിക്കലുകള്‍, നിത്യമരണം എന്നിവയില്‍ നിന്നും യേശുവില്‍ നാം സ്വാതന്ത്ര്യം അനുഭവിക്കുന്നു. മേലില്‍ നാം ബന്ദികളായിരിക്കുന്നില്ല, ശത്രുക്കളോട് സ്‌നേഹം കാണിക്കാനും ദയയോടെ നടക്കാനും പ്രതീക്ഷയോടെ ജീവിക്കാനും അയല്‍ക്കാരെ സ്‌നേഹിക്കാനും നമുക്ക് സ്വാതന്ത്ര്യമുണ്ട്. പരിശുദ്ധാത്മാവിന്റെ നടത്തിപ്പിനെ നാം പിന്തുടരുമ്പോള്‍, നാം ക്ഷമിക്കപ്പെട്ടതുപോലെ നമുക്ക് ക്ഷമിക്കാനും കഴിയും.
ഇതിനെല്ലാം, ഇന്ന് നമുക്ക് ദൈവത്തിന് നന്ദി പറയാം. മറ്റുള്ളവരും അവന്റെ സ്വാതന്ത്ര്യത്തിന്റെ ശക്തി അറിയേണ്ടതിന് നമുക്ക് സ്‌നേഹിക്കാം.
നമ്മുടെ മനസ്സലിവുള്ള ദൈവം
കഠിനമായ തണുപ്പുള്ള ഒരു ശീതകാല രാത്രിയില്‍ ഒരു യെഹൂദ ബാലന്റെ കിടപ്പുമുറിയുടെ ജനാലയിലൂടെ ആരോ ഒരു വലിയ കല്ലെറിഞ്ഞു. യെഹൂദന്മാരുടെ ദീപങ്ങളുടെ ഉത്സവമായ ഹനൂക്ക ആഘോഷിക്കുന്നതിനായി ഒരു നിലവിളക്കിനൊപ്പം ദാവീദിന്റെ ഒരു നക്ഷത്രവും ജനാലയില്‍ തൂക്കിയിരുന്നു. അമേരിക്കയിലെ ഈ കൊച്ചു പട്ടണത്തിലെ ആയിരക്കണക്കിന് ആളുകള്‍ - അവരില്‍ പലരും യേശുവില്‍ വിശ്വസിക്കുന്നവരായിരുന്നു - വിദ്വേഷകരമായ ഈ പ്രവൃത്തിയോട് മനസ്സലിവോടെ പ്രതികരിച്ചു. തങ്ങളുടെ യെഹൂദ അയല്‍വാസികളുടെ വേദനയോടും ഭയത്തോടും താദാത്മ്യപ്പെടുന്നതിനായി അവര്‍ സ്വന്തം ജാലകങ്ങളില്‍ നിലവിളക്കുകളുടെ ചിത്രങ്ങള്‍ ഒട്ടിച്ചു.
യേശുവിലുള്ള വിശ്വാസികളെന്ന നിലയില്‍ നമുക്കും വലിയ മനസ്സലിവു ലഭിക്കുന്നു. നമ്മുടെ രക്ഷകന്‍ നമ്മോടു താദാത്മ്യപ്പെട്ടുകൊണ്ട് നമ്മുടെ ഇടയില്‍ ജീവിക്കാന്‍ തന്നെത്താന്‍ താഴ്ത്തി (യോഹന്നാന്‍ 1:14). നമുക്കുവേണ്ടി, അവന്‍, ''ദൈവരൂപത്തില്‍ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളണം എന്ന് വിചാരിക്കാതെ ദാസരൂപം എടുത്തു' (ഫിലിപ്പിയര്‍ 2:6-7). എന്നിട്ട്, നമുക്ക് അനുഭവപ്പെടുന്നത് അനുഭവിക്കുകയും നാം കരയുന്നതുപോലെ കരയുകയും ചെയ്തുകൊണ്ട് നമ്മുടെ ജീവന്‍ രക്ഷിക്കാന്‍ തന്റെ ജീവന്‍ ബലിയര്‍പ്പിച്ചുകൊണ്ട് അവന്‍ ക്രൂശില്‍ മരിച്ചു.
നാം എന്തിനോടു പോരാടുന്നുവോ അതൊന്നും നമ്മുടെ രക്ഷകന്റെ കരുതലിന് അതീതമല്ല. ആരെങ്കിലും നമ്മുടെ ജീവിതത്തില്‍ ''കല്ലുകള്‍ എറിയുന്നു'' എങ്കില്‍, അവന്‍ നമ്മെ ആശ്വസിപ്പിക്കുന്നു. ജീവിതം നിരാശാജനകമാണെങ്കില്‍, അവന്‍ നമ്മുടെ നിരാശയില്‍ നമ്മോടൊപ്പം നടക്കുന്നു. 'യഹോവ ഉന്നതനെങ്കിലും താഴ്മയുള്ളവനെ കടാക്ഷിക്കുന്നു; ഗര്‍വ്വിയെയോ അവന്‍ ദൂരത്തുനിന്ന് അറിയുന്നു' (സങ്കീര്‍ത്തനം 138:6). നമ്മുടെ കഷ്ടതകളില്‍, അവന്‍ നമ്മെ കാത്തുസൂക്ഷിക്കുന്നു, ''നമ്മുടെ ശത്രുക്കളുടെ കോപത്തിനും'' (വാ. 7) നമ്മുടെ ആഴത്തിലുള്ള ഭയങ്ങള്‍ക്കും നേരെ കൈ നീട്ടുന്നു. ദൈവമേ, അങ്ങയുടെ മനസ്സലിവുള്ള സ്‌നേഹത്തിന് നന്ദി.
ജീവിതത്തിന്റെ വെടിക്കെട്ട്
പുതുവത്സരത്തലേന്ന്, ലോകമെമ്പാടുമുള്ള നഗരങ്ങളിലും പട്ടണങ്ങളിലും ഉയര്‍ന്ന ശക്തിയുള്ള പടക്കങ്ങള്‍ പൊട്ടിക്കുമ്പോള്‍, മനപ്പൂര്‍വ്വം ശബ്ദം ഉച്ചത്തിലാക്കുന്നു. അവയുടെ സ്വഭാവമനുസരിച്ച്, നിര്‍മ്മാതാക്കള്‍ പറയുന്നത്, മിന്നുന്ന പടക്കങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ അന്തരീക്ഷത്തെ പിളര്‍ക്കുന്നതിനാണ്. ''ആവര്‍ത്തിച്ചുള്ള'' സ്‌ഫോടനങ്ങള്‍ക്ക് ഉച്ചത്തില്‍ ശബ്ദമുണ്ടാക്കാന്‍ കഴിയും, പ്രത്യേകിച്ചും നിലത്തോടു ചേര്‍ന്നു പൊട്ടിത്തെറിക്കുമ്പോള്‍.
പ്രശ്നങ്ങള്‍ക്കും നമ്മുടെ ഹൃദയത്തെയും മനസ്സിനെയും ഭവനത്തെയും പിളര്‍ക്കാന്‍ കഴിയും. ജീവിതത്തിലെ ''വെടിക്കെട്ട്'' - കുടുംബ പോരാട്ടങ്ങള്‍, ബന്ധത്തിലെ പ്രശ്‌നങ്ങള്‍, ജോലിയിലെ വെല്ലുവിളികള്‍, സാമ്പത്തിക ഞെരുക്കം, സഭയിലെ ഭിന്നിപ്പു പോലും - നമ്മുടെ വൈകാരിക അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിക്കുന്ന സ്‌ഫോടനങ്ങള്‍ പോലെ അനുഭവപ്പെടും.
എന്നിട്ടും ഈ സ്‌ഫോടന ശബ്ദത്തിനുമേല്‍ നമ്മെ ഉയര്‍ത്തുന്നവനെ നമുക്കറിയാം. ക്രിസ്തു തന്നെയാണ് ''നമ്മുടെ സമാധാനം'' എന്ന് എഫെസ്യര്‍ 2:14-ല്‍ പൗലൊസ് എഴുതി. നാം അവിടുത്തെ സന്നിധിയില്‍ വസിക്കുമ്പോള്‍, അവന്റെ സമാധാനം ഏതൊരു തടസ്സത്തേക്കാളും വലുതും ഏത് ഉത്കണ്ഠയെയും വേദനയെയും അനൈക്യത്തെയും നിശബ്ദമാക്കുന്നതുമാണ്.
ഇത് യെഹൂദര്‍ക്കും വിജാതീയര്‍ക്കും ഒരുപോലെ ശക്തമായ ഉറപ്പ് നല്‍കുമായിരുന്നു. അവര്‍ ഒരിക്കല്‍ ''പ്രത്യാശയില്ലാത്തവരും ലോകത്തില്‍ ദൈവമില്ലാത്തവരും ആയി'' ജീവിച്ചിരുന്നു (വാ. 12). ഇപ്പോള്‍ അവര്‍ ഉപദ്രവ ഭീഷണികളും ഭിന്നതയുടെ ആഭ്യന്തര ഭീഷണികളും നേരിട്ടു. എന്നാല്‍ ക്രിസ്തുവില്‍, അവര്‍ അവന്റെ അടുക്കലേക്ക് കൊണ്ടുവരപ്പെട്ടു, തന്മൂലം അവന്റെ രക്തത്താല്‍ അവര്‍ ഏകശരീരമായി മാറി. ''അവന്‍ നമ്മുടെ സമാധാനം; അവന്‍ ഇരുപക്ഷത്തെയും ഒന്നാക്കി, ചട്ടങ്ങളും കല്പനകളുമായ ന്യായപ്രമാണം എന്ന ശത്രുത്വം തന്റെ ജഡത്താല്‍ നീക്കി'' (വാ. 14).
അശാന്തിയുടെയും ഭിന്നതയുടെയും ഭീഷണികള്‍ ചക്രവാളത്തില്‍ എപ്പോഴും മുഴങ്ങിനില്‍ക്കുന്ന പശ്ചാത്തലത്തില്‍ നാം ഒരു പുതിയ വര്‍ഷം ആരംഭിക്കുമ്പോള്‍, നമുക്കു ജീവിതത്തിന്റെ ഉച്ചത്തിലുള്ള പരിശോധനകളില്‍ നിന്ന് അകന്ന് നമുക്ക് നമ്മുടെ സദാ-സന്നിഹിതമായ സമാധാനം തേടാം. അവന്‍ പൊട്ടിത്തെറിയെ ശാന്തമാക്കി നമ്മെ സുഖപ്പെടുത്തുന്നു.
ശാന്തമായ സംസാരം
ഞാന്‍ ഫേസ്ബുക്കില്‍ വാദിക്കുകയായിരുന്നു. മോശം നീക്കമായിരുന്നു അത്. ചൂടേറിയ ഒരു വിഷയത്തില്‍ അപരിചിതനെ ''ശരിയാക്കാന്‍'' ഞാന്‍ ബാധ്യസ്ഥനാണെന്ന് എന്നെ ചിന്തിപ്പിച്ചത് എന്താണ്? ചൂടേറിയ വാക്കുകള്‍, മുറിപ്പെട്ട വികാരങ്ങള്‍ (എന്തായാലും എന്റെ ഭാഗത്ത്), യേശുവിനായി നന്നായി സാക്ഷ്യം വഹിക്കാനുള്ള അവസരം നഷ്ടപ്പെട്ടത് എന്നിവയായിരുന്നു ഫലങ്ങള്‍. അതാണ് ''ഇന്റര്‍നെറ്റ് കോപ''ത്തിന്റെ ആകെ ഫലം. ബ്ലോഗോസ്ഫിയറിലുടനീളം ദിനംപ്രതി പറന്നുനടക്കുന്ന പരുഷമായ പദങ്ങളെ സൂചിപ്പിക്കുന്ന പദമാണിത്. ഒരു ധാര്‍മ്മിക വിദഗ്ദ്ധന്‍ വിശദീകരിച്ചതുപോലെ, ''പൊതു ആശയങ്ങള്‍ സംസാരിക്കപ്പെടുന്ന രീതിയാണ്'' കോപം എന്ന തെറ്റായ നിഗമനത്തില്‍ ആളുകളെത്തുന്നു.
പൗലൊസ് തിമൊഥെയൊസിനു നല്‍കിയ ജ്ഞാനപൂര്‍വമായ ഉപദേശം അതേ ജാഗ്രത നല്‍കി. ''ബുദ്ധിയില്ലാത്ത മൗഢ്യതര്‍ക്കം ശണ്ഠ ജനിപ്പിക്കുന്നു എന്നറിഞ്ഞ് അത് ഒഴിഞ്ഞിരിക്കുക. കര്‍ത്താവിന്റെ ദാസന്‍ ശണ്ഠ ഇടാതെ എല്ലാവരോടും ശാന്തനും ഉപദേശിപ്പാന്‍ സമര്‍ത്ഥനും ദോഷം സഹിക്കുന്നവനുമായി അത്രേ ഇരിക്കേണ്ടത്' (2 തിമൊഥെയൊസ് 2:23-24).
റോമന്‍ ജയിലില്‍ നിന്ന് തിമൊഥെയൊസിന് എഴുതിയ പൗലൊസിന്റെ നല്ല ഉപദേശം, ദൈവിക സത്യം പഠിപ്പിക്കുന്നതിന് യുവ പാസ്റ്ററെ ഒരുക്കുന്നതിനാണ് അയച്ചത്. പൗലൊസിന്റെ ഉപദേശം ഇന്ന് നമുക്കും പ്രസക്തമാണ്, പ്രത്യേകിച്ചും സംഭാഷണം നമ്മുടെ വിശ്വാസത്തിലേക്ക് തിരിയുമ്പോള്‍. ''വിരോധികള്‍ക്കു ദൈവം സത്യത്തിന്റെ പരിജ്ഞാനത്തിനായി മാനസാന്തരം നല്കുമോ എന്നും... വച്ച് അവരെ സൗമ്യതയോടെ പഠിപ്പിക്കേണ്ടതും
ആകുന്നു'' (വാ. 25).
മറ്റുള്ളവരോട് ദയയോടെ സംസാരിക്കുന്നത് ഈ വെല്ലുവിളിയുടെ ഭാഗമാണ്. പക്ഷേ ഇതു പാസ്റ്റര്‍മാര്‍ക്ക് മാത്രമല്ല, ദൈവത്തെ സ്‌നേഹിക്കുകയും അവനെക്കുറിച്ച് മറ്റുള്ളവരോട് പറയാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന എല്ലാവരും അവന്റെ സത്യത്തെ സ്‌നേഹത്തില്‍ സംസാരിക്കണം. ഓരോ വാക്കിലും പരിശുദ്ധാത്മാവ് നമ്മെ സഹായിക്കും.
കലഹങ്ങളില്‍നിന്നു പിന്‍തിരിയുക
ഒരു പ്രശസ്ത ഡച്ച് ശാസ്ത്രജ്ഞന്റെ ശവസംസ്‌കാരവേളയിലെ പ്രസംഗത്തില്‍ ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ ശാസ്ത്ര സംബന്ധമായ തങ്ങളുടെ തര്‍ക്കങ്ങളെക്കുറിച്ച് പരാമര്‍ശിച്ചതേയില്ല. പകരം, മറ്റുള്ളവരോട് ലളിതരീതിയില്‍ ഇടപെടുകയും നന്നായി പെരുമാറുകയും ചെയ്യുന്ന പ്രിയപ്പെട്ട ഭൗതികശാസ്ത്രജ്ഞനായ ഹെന്‍ഡ്രിക് എ. ലോറന്റ്‌സിന്റെ ''ഒരിക്കലും മാറാത്ത ദയയെ'' അദ്ദേഹം ഓര്‍മ്മിച്ചു. ''എല്ലാവരും സന്തോഷത്തോടെ അദ്ദേഹത്തെ അനുഗമിച്ചു, കാരണം അദ്ദേഹം ഒരിക്കലും മറ്റുള്ളവരുടെമേല്‍ ആധിപത്യം സ്ഥാപിക്കയില്ലെന്നും എല്ലായ്‌പ്പോഴും മറ്റുള്ളവര്‍ക്ക് ഉപയോഗപ്രദമാകുമെന്നും അവര്‍ കരുതി.''
രാഷ്ട്രീയ മുന്‍വിധികള്‍ മാറ്റിവച്ച് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ലോറന്റ്‌സ് ശാസ്ത്രജ്ഞരെ പ്രേരിപ്പിച്ചു, പ്രത്യേകിച്ചും ഒന്നാം ലോകമഹായുദ്ധത്തിനുശേഷം. ''യുദ്ധം അവസാനിക്കുന്നതിനു മുമ്പുതന്നെ, [ലോറന്റ്‌സ്] അനുരഞ്ജന പ്രവര്‍ത്തനത്തിനായി സ്വയം അര്‍പ്പിച്ചു' ഐന്‍സ്‌റ്റൈന്‍ തന്റെ സഹ നോബല്‍ സമ്മാന ജേതാവിനെക്കുറിച്ച് പറഞ്ഞു.,
അനുരഞ്ജനത്തിനായി പ്രവര്‍ത്തിക്കുന്നത് സഭയിലുള്ള എല്ലാവരുടെയും ലക്ഷ്യമായിരിക്കണം. ചില ഭിന്നതകള്‍ അനിവാര്യമാണ്. എന്നിരുന്നാലും സമാധാനപരമായ പരിഹാരങ്ങള്‍ക്കായി പ്രവര്‍ത്തിക്കാന്‍ നാം നമ്മുടെ ഭാഗം ചെയ്യണം. പൗലൊസ് എഴുതി, ''സൂര്യന്‍ അസ്തമിക്കുവോളം നിങ്ങള്‍ കോപം വച്ചുകൊണ്ടിരിക്കരുത്' (എഫെസ്യര്‍ 4:26). ഒരുമിച്ച് വളരുന്നതിനായി ''കേള്‍ക്കുന്നവര്‍ക്കു കൃപ ലഭിക്കേണ്ടതിന് ആവശ്യംപോലെ ആത്മികവര്‍ദ്ധനയ്ക്കായി നല്ല വാക്കല്ലാതെ ആകാത്തത് ഒന്നും നിങ്ങളുടെ വായില്‍ നിന്നു പുറപ്പെടരുത്'' അപ്പൊസ്തലന്‍ ഉപദേശിച്ചു (വാ. 29).
അവസാനമായി, പൗലൊസ് ഇപ്രകാരം പറഞ്ഞു, ''എല്ലാ കയ്പ്പും കോപവും ക്രോധവും കൂറ്റാരവും ദൂഷണവും സകല ദുര്‍ഗ്ഗുണവുമായി നിങ്ങളെ വിട്ട് ഒഴിഞ്ഞുപോകട്ടെ. നിങ്ങള്‍ തമ്മില്‍ ദയയും മനസ്സലിവുമുള്ളവരായി ദൈവം ക്രിസ്തുവില്‍ നിങ്ങളോടു ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിപ്പിന്‍' (വാ. 31-32). നമുക്ക് കഴിയുമ്പോഴെല്ലാം കലഹങ്ങളില്‍ നിന്ന് പിന്തിരിയുന്നത് ദൈവത്തിന്റെ സഭയെ പണിയാന്‍ സഹായിക്കുന്നു. ഇതില്‍ നാം അവനെ ബഹുമാനിക്കുകാണ് ചെയ്യുന്നത്.
മരത്തോടു മന്ത്രിക്കുന്നവന്‍
ചിലര്‍ അദ്ദേഹത്തെ ''മരത്തോടു മന്ത്രിക്കുന്നവന്‍'' എന്ന് വിളിക്കുന്നു. ടോണി റിനോഡോ, വേള്‍ഡ് വിഷന്‍ ഓസ്ട്രേലിയയുടെ മരം നടുന്നവനാണ്. ആഫ്രിക്കയിലെ സഹാറ മരുഭൂമിയുടെ തെക്കുഭാഗത്തുള്ള സഹേല്‍ പ്രദേശത്ത് വനനശീകരണം തടയുന്നതിലൂടെ യേശുവിനെ പങ്കുവെക്കാനുള്ള പരിശ്രമത്തില്‍ മുപ്പതുവര്‍ഷമായി ഏര്‍പ്പെട്ടിരിക്കുന്ന ഒരു മിഷനറിയും കാര്‍ഷിക ശാസ്ത്രജ്ഞനുമാണ് ടോണി റിനോഡോ.
മുരടിച്ച ''കുറ്റിച്ചെടികള്‍'' യഥാര്‍ത്ഥത്തില്‍ സുഷുപ്താവസ്ഥയിലുള്ള മരങ്ങളാണെന്ന് തിരിച്ചറിഞ്ഞ റിനോഡോ അവയെ പ്രൂണ്‍ ചെയ്യുകയും പരിപാലിക്കുകയും നനയ്ക്കുകയും ചെയ്യാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ലക്ഷക്കണക്കിന് കര്‍ഷകരെ പ്രചോദിപ്പിച്ചു. അവരും സമീപത്തുള്ള വനങ്ങള്‍ പുനഃസ്ഥാപിച്ച് മണ്ണൊലിപ്പ് തടയുകയും തങ്ങളുടെ പരാജയപ്പെട്ട കൃഷിസ്ഥലങ്ങള്‍ രക്ഷിക്കുകയും ചെയ്തു. ഉദാഹരണത്തിന്, നൈജറിലെ കര്‍ഷകര്‍ അവരുടെ വിളകളും വരുമാനവും ഇരട്ടിയാക്കി, അങ്ങനെ പ്രതിവര്‍ഷം 25 ലക്ഷം ആളുകള്‍ക്ക് അധികമായി ഭക്ഷണം നല്‍കുന്നു.
യോഹന്നാന്‍ 15-ല്‍, കൃഷിയുടെ സ്രഷ്ടാവായ യേശു സമാനമായ കാര്‍ഷിക തന്ത്രങ്ങളെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ടു പറഞ്ഞു, ''ഞാന്‍ സാക്ഷാല്‍ മുന്തിരിവള്ളിയും എന്റെ പിതാവ് തോട്ടക്കാരനും ആകുന്നു. എന്നില്‍ കായ്ക്കാത്ത കൊമ്പ് ഒക്കെയും അവന്‍ നീക്കിക്കളയുന്നു; കായ്ക്കുന്നത് ഒക്കെയും അധികം
ഫലം കായ്‌ക്കേണ്ടതിനു ചെത്തി വെടിപ്പാക്കുന്നു' (വാ. 1-2).
ദൈവത്തിന്റെ ദൈനംദിന പരിപാലനമില്ലാതെ, നമ്മുടെ ആത്മാക്കള്‍ ഫലരഹിതവും വരണ്ടതുമായി മാറുന്നു. എന്നിരുന്നാലും, അവിടുത്തെ ന്യായപ്രമാണത്തില്‍ നാം ആനന്ദിക്കുമ്പോള്‍, രാവും പകലും അതിനെ ധ്യാനിക്കുമ്പോള്‍, നാം ''ആറ്റരികത്തു നട്ടിരിക്കുന്ന വൃക്ഷം പോലെ'' ആകും (സങ്കീ. 1:3). നമ്മുടെ ഇലകള്‍ വാടിപ്പോകുകയില്ല. നാം ''ചെയ്യുന്നതൊക്കെയും സാധിക്കും'' (വാ. 3). അവന്‍ ചെത്തിവെടിപ്പാക്കിയതും നട്ടതുമായ നമ്മള്‍ നിത്യഹരിതമാണ് - നാം പുനരുജ്ജീവിപ്പിക്കപ്പെടുകയും അഭിവൃദ്ധിപ്പെടുകയും ചെയ്യുന്നു.
നിങ്ങളുടെ അയല്‍പക്കത്തെ ക്രിസ്തു
സഭയുടെ അടുത്തുള്ള താഴ്ന്ന വരുമാനക്കാര്‍ പാര്‍ക്കുന്ന ഒരു പ്രദേശത്തുകൂടെ കാറോടിച്ചുകൊണ്ടിരുന്ന ഒരു പാസ്റ്റര്‍ തന്റെ ''അയല്‍ക്കാര്‍''ക്കായി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. ഒരു ദിവസം തെരുവില്‍ ഒരാള്‍ കിടക്കുന്നത് അദ്ദേഹം ശ്രദ്ധിച്ചു. കാര്യം അന്വേഷിക്കുന്നതിനും അയാള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതിനുമായി പാസ്റ്റര്‍ കാര്‍ നിര്‍ത്തി. അപ്പോഴാണ് അയാള്‍ ചില ദിവസങ്ങളായി ഭക്ഷണം കഴിച്ചിട്ടില്ലെന്ന് അറിഞ്ഞത്. ഈ മനുഷ്യന്‍ പാസ്റ്ററോട് ഭക്ഷണത്തിനായി കുറച്ച് രൂപ ആവശ്യപ്പെട്ടു, ഇത് ഭവനരഹിതരുടെ ഇടയില്‍ ഒരു ഔട്ട്റീച്ച് പ്രോഗ്രാമിന് തുടക്കമിട്ടു. സഭ സ്‌പോണ്‍സര്‍ ചെയ്യുകയും, അംഗങ്ങള്‍ ഭക്ഷണം പാകം ചെയ്ത് ദിവസം രണ്ടു നേരം തങ്ങള്‍ക്കു ചുറ്റുമുള്ള വീടുകളിലെ ഭക്ഷണമില്ലാത്തവര്‍ക്കു നല്‍കുകയും ചെയ്തു തുടങ്ങി. അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനും ജോലി നല്‍കി സഹായിക്കാനുമായി അവര്‍ കാലാകാലങ്ങളിലായി അവരെ സഭയിലേക്ക് കൊണ്ടുവന്നു.
ഭവനരഹിതരെ സഹായിക്കാനായി അയല്‍പക്കം കേന്ദ്രീകരിച്ചുള്ള ആ സഭയുടെ പ്രവര്‍ത്തനം കര്‍ത്താവിന്റെ മഹാനിയോഗത്തെ പ്രതിഫലിപ്പിക്കുന്നു. അവിടുന്ന് പറഞ്ഞതുപോലെ, ''സ്വര്‍ഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ പുറപ്പെട്ട് പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ സ്‌നാനം കഴിപ്പിച്ചും ഞാന്‍ നിങ്ങളോടു കല്പിച്ചത് ഒക്കെയും പ്രമാണിക്കുവാന്‍ തക്കവണ്ണം ഉപദേശിച്ചു കൊണ്ടു സകല ജാതികളെയും ശിഷ്യരാക്കിക്കൊള്‍വിന്‍' (മത്തായി 28:18-19).
അവന്റെ പരിശുദ്ധാത്മാവിന്റെ ശക്തമായ സാന്നിധ്യം ഭവനരഹിതര്‍ ഉള്‍പ്പെടെ 'എല്ലായിടത്തും' എത്തുവാന്‍ നമ്മെ പ്രാപ്തരാക്കുന്നു. തീര്‍ച്ചയായും, നാം ഒറ്റക്ക് പോകുന്നില്ല. യേശു വാഗ്ദാനം ചെയ്തതുപോലെ, ''ഞാനോ ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോടുകൂടെ ഉണ്ട്്്'' (വാ. 20).
വീടില്ലാത്ത ഒരാളോടൊപ്പം തെരുവില്‍ പ്രാര്‍ത്ഥിച്ച ശേഷമാണ് ഈ പാസ്റ്റര്‍ ആ സത്യം അനുഭവിച്ചത്. പാസ്റ്റര്‍ റിപ്പോര്‍ട്ട് ചെയ്തതുപോലെ, 'ഞങ്ങള്‍ ഞങ്ങളുടെ ഹൃദയം തുറന്നു, സഭയിലെ എല്ലാ അംഗങ്ങളും ഞങ്ങളോടൊപ്പം ചേര്‍ന്നു.' ഈ ജനത്തിന്റെ മേല്‍ തങ്ങള്‍ ചെലുത്തിയ സ്വാധീനമാണ് ഒരു പാസ്റ്റര്‍ എന്ന നിലയില്‍ താന്‍ അനുഭവിച്ചിട്ടുള്ള ഏറ്റവും പവിത്രമായ നിമിഷങ്ങളിലൊന്ന് എന്ന് പാസ്റ്റര്‍ പറഞ്ഞു.
പാഠം? ക്രിസ്തുവിനെ പ്രഘോഷിക്കാന്‍ നമുക്ക് എല്ലായിടത്തും പോകാം.
ഒരാണ്ടത്തെ ബൈബിള്‍ വായന
കഠിനമായ വാക്കുകള്‍ വേദനിപ്പിക്കുന്നു. അതിനാല്‍ എന്റെ സുഹൃത്ത് - ഒരു അവാര്‍ഡ് നേടിയ എഴുത്തുകാരന്‍ - അദ്ദേഹത്തിന് ലഭിച്ച വിമര്‍ശനങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്നറിയാതെ വിഷമിച്ചു. അദ്ദേഹത്തിന്റെ പുതിയ പുസ്തകം പഞ്ചനക്ഷത്ര അവലോകനങ്ങളും ഒരു മുഖ്യ അവാര്‍ഡും കരസ്ഥമാക്കി. എല്ലാവരും ബഹുമാനിക്കുന്ന ഒരു മാസിക നിരൂപകന്‍, അദ്ദേഹത്തിന്റെ പുസ്തകം നന്നായി എഴുതിയതാണെന്ന് അഭിനന്ദിച്ചശേഷം അതിനെ നിശിതമായി വിമര്‍ശിച്ചു. സുഹൃത്തുക്കളിലേക്ക് തിരിഞ്ഞ് അദ്ദേഹം ചോദിച്ചു, ''ഞാന്‍ എങ്ങനെ മറുപടി നല്‍കണം?''
ഒരു സുഹൃത്ത് ഉപദേശിച്ചു, ''അത് വിട്ടുകളയുക.'' ജോലി ചെയ്യുന്നതിലും എഴുതുന്നതിലും തുടരുമ്പോഴും അത്തരം വിമര്‍ശനങ്ങള്‍ അവഗണിക്കാനോ അതില്‍ നിന്ന് പഠിക്കാനോ ഉള്ള നുറുങ്ങുകള്‍ ഉള്‍പ്പെടെ മാസികകള്‍ എഴുതുന്നതില്‍ നിന്നുള്ള ഉപദേശം ഞാനും പങ്കിട്ടു.
എന്നിരുന്നാലും, അവസാനമായി, ശക്തമായ വിമര്‍ശനങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്നതിനെക്കുറിച്ച് തിരുവെഴുത്തിന് -അതിലാണ് ഏറ്റവും മികച്ച ഉപദേശമുള്ളത് - എന്താണ് പറയാനുള്ളതെന്ന് കാണാന്‍ ഞാന്‍ തീരുമാനിച്ചു. യാക്കോബിന്റെ ലേഖനം ഉപദേശിക്കുന്നത്, ''ഏതു മനുഷ്യനും കേള്‍ക്കുവാന്‍ വേഗതയും പറയുവാന്‍ താമസവും കോപത്തിനു താമസവുമുള്ളവന്‍ ആയിരിക്കട്ടെ'' (1:19). 'പരസ്പരം ഐക്യത്തോടെ ജീവിക്കാന്‍'' അപ്പോസ്തലനായ പൗലൊസ് നമ്മെ ഉപദേശിക്കുന്നു (റോമര്‍ 12:16).
സദൃശവാക്യങ്ങളുടെ ഒരു മുഴുവന്‍ അധ്യായവും തര്‍ക്കങ്ങളോട് പ്രതികരിക്കുന്നതിനുള്ള വിപുലമായ ജ്ഞാനം നല്‍കുന്നു. സദൃശവാക്യങ്ങള്‍ 15:1 പറയുന്നു: ''മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു.' ''ദീര്‍ഘക്ഷമയുള്ളവനോ കലഹം ശമിപ്പിക്കുന്നു'' (വാക്യം 18). കൂടാതെ, ''ശാസന കേട്ടനുസരിക്കുന്നവനോ വിവേകം സമ്പാദിക്കുന്നു'' (വാ. 32). അത്തരം ജ്ഞാനം കണക്കിലെടുക്കുമ്പോള്‍, എന്റെ സുഹൃത്ത് ചെയ്തതുപോലെ, നമ്മുടെ നാവിനെ നിയന്ത്രിക്കാന്‍ ദൈവം നമ്മെ സഹായിക്കട്ടെ. എന്നിരുന്നാലും, എല്ലാറ്റിനുമുപരിയായി, 'കര്‍ത്താവിനെ ഭയപ്പെടുവാന്‍'' ജ്ഞാനം നമ്മെ ഉപദേശിക്കുന്നു, കാരണം ''മാനത്തിന് വിനയം മുന്നോടിയാകുന്നു'' (വാ. 33).
ശ്രദ്ധ കേന്ദ്രീകരിക്കുക
ജീവിതത്തില്‍ നാം നോക്കുന്നതെന്തും - നാം അത് എങ്ങനെ കാണുന്നു എന്നതും - നമ്മുടെ അടുത്ത ചുവടുകളെ, നമ്മുടെ വിധിയെപ്പോലും സ്വാധീനിക്കുമെന്ന് എഴുത്തുകാരന്‍ മാര്‍ക്ക് ട്വെയ്ന്‍ അഭിപ്രായപ്പെട്ടു. ട്വെയ്ന്‍ പറഞ്ഞതുപോലെ, ''നിങ്ങളുടെ ഭാവനകള്‍ ശ്രദ്ധ കേന്ദ്രീകരിക്കാത്തപ്പോള്‍ നിങ്ങളുടെ കണ്ണുകളെ ആശ്രയിക്കാന്‍ നിങ്ങള്‍ക്കു കഴിയില്ല.''
സുന്ദരം എന്ന തിരക്കേറിയ ദൈവാലയഗോപുരത്തിങ്കല്‍ വെച്ചു ഭിക്ഷയാചിച്ച മുടന്തനായ ഒരു ഭിക്ഷക്കാരനോട് മറുപടി പറഞ്ഞപ്പോള്‍ പത്രൊസും നോട്ടത്തെക്കുറിച്ച് സംസാരിച്ചു (പ്രവൃത്തികള്‍ 3:2). ആ മനുഷ്യന്‍ അവരോട് പണം ചോദിച്ചപ്പോള്‍ പത്രൊസും യോഹന്നാനും ആ മനുഷ്യനെ ഉറ്റു നോക്കി. എന്നിട്ട് പത്രൊസ് പറഞ്ഞു: 'ഞങ്ങളെ നോക്കൂ'' (വാ. 4).
എന്തുകൊണ്ടാണ് അവന്‍ അങ്ങനെ പറഞ്ഞത്? ക്രിസ്തുവിന്റെ സ്ഥാനപതിയെന്ന നിലയില്‍, യാചകന്‍ സ്വന്തം പരിമിതികള്‍ നോക്കുന്നത് അവസാനിപ്പിക്കണമെന്ന് - അതെ, പണത്തിന്റെ ആവശ്യകത നോക്കാതിരിക്കാനും - പത്രൊസ് ആഗ്രഹിച്ചിരിക്കാം. അവന്‍ അപ്പൊസ്തലന്മാരെ നോക്കിയാല്‍, ദൈവത്തില്‍ വിശ്വസിക്കുന്നതിന്റെ യാഥാര്‍ത്ഥ്യം അവന്‍ കാണുമായിരുന്നു.
''വെള്ളിയും പൊന്നും എനിക്കില്ല; എനിക്കുള്ളത് നിനക്കു തരുന്നു: നസറായനായ യേശുക്രിസ്തുവിന്റെ നാമത്തില്‍ നടക്കുക'' എന്നു പത്രൊസ് അവനോടു പറഞ്ഞു (വാ. 6). തുടര്‍ന്നു പത്രൊസ് ''അവനെ വലം കൈയ്ക്കു പിടിച്ച് എഴുന്നേല്പിച്ചു; ക്ഷണത്തില്‍ അവന്റെ കാലും നരിയാണിയും ഉറച്ചു അവന്‍ കുതിച്ചെഴുന്നേറ്റു നടന്നു; നടന്നും തുള്ളിയും ദൈവത്തെ പുകഴ്ത്തിയും കൊണ്ട് അവരോടുകൂടെ ദൈവാലയത്തില്‍ കടന്നു'' (വാ. 7-8).
എന്താണ് സംഭവിച്ചത്? ആ മനുഷ്യന് ദൈവത്തില്‍ വിശ്വാസമുണ്ടായിരുന്നു (വാ. 16). സുവിശേഷകനായ ചാള്‍സ് സ്പര്‍ജന്‍ ആവശ്യപ്പെട്ടതുപോലെ, ''നിങ്ങളുടെ നോട്ടം അവനില്‍ വയ്ക്കുക.'' അങ്ങനെ ചെയ്യുമ്പോള്‍, നാം തടസ്സങ്ങള്‍ കാണുകയില്ല. നമ്മുടെ വഴി തെളിയിച്ചു തരുന്ന ദൈവത്തെ നാം കാണും.
അവന്റെ സംഗീതം സൃഷ്ടിക്കുക
ക്വയര്‍ ഡയറക്ടര്‍ അരിയാനെ അബെല തന്റെ കൈകള്‍ മറയ്ക്കുന്നതിനായി കുട്ടിക്കാലത്ത് അവയുടെമേല്‍ ഇരിക്കുമായിരുന്നു. ജന്മനാ രണ്ട് കൈകളിലും വിരലുകള്‍ ഇല്ലാതെയോ അല്ലെങ്കില്‍ വിരലുകള്‍ കൂടിച്ചേര്‍ന്നതോ ആയ അവസ്ഥയുള്ള അവള്‍ക്ക്, ഇടതു കാല്‍ ഇല്ലായിരുന്നു എന്നു മാത്രമല്ല വലതു കാലില്‍ കാല്‍വിരലുകളും ഇല്ലായിരുന്നു. ഒരു സംഗീത പ്രേമിയും ഗാനരചയിതാവുമായ അവള്‍ സ്മിത്ത് കോളേജില്‍ ഗവണ്‍മെന്റില്‍ മേജര്‍ ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഒരു ദിവസം അവളുടെ സംഗീതാധ്യാപിക അവളോട് ക്വയര്‍ നടത്താന്‍ ആവശ്യപ്പെട്ടു, അത് അവളുടെ കൈകള്‍ തികച്ചും അനാവൃതമാക്കി. ആ നിമിഷം മുതല്‍, അവള്‍ തന്റെ കരിയര്‍ കണ്ടെത്തി. പള്ളിയിലെ ഗായകസംഘങ്ങള്‍ക്കു നേതൃത്വം കൊടുക്കുകയും ഇപ്പോള്‍ മറ്റൊരു സര്‍വകലാശാലയില്‍ ഗായകസംഘത്തിന്റെ ഡയറക്ടറായി സേവനം അനുഷ്ഠിക്കുകയും ചെയ്യുന്നു. ''എന്റെ അധ്യാപകര്‍ എന്നില്‍ എന്തോ കണ്ടു,'' അബെല വിശദീകരിക്കുന്നു.
അവളുടെ പ്രചോദനാത്മകമായ കഥ നമ്മുടെ പരിശുദ്ധ ഗുരുവായ ദൈവം നമ്മുടെ ''പരിമിതികള്‍'' കണക്കിലെടുക്കാതെ നമ്മില്‍ എന്താണ് കാണുന്നത്? എന്നു ചോദിക്കാന്‍ വിശ്വാസികളെ ആഹ്വാനം ചെയ്യുന്നു. മറ്റെന്തിനെക്കാളുമുപരിയായി, അവന്‍ തന്നെത്തന്നെ കാണുന്നു. ''ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തില്‍ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തില്‍ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു' (ഉല്പത്തി 1:27).
അവിടുത്തെ മഹത്വമുള്ള ''സ്വരൂപ വാഹകര്‍'' എന്ന നിലയില്‍ മറ്റുള്ളവര്‍ നമ്മെ കാണുമ്പോള്‍ നാം അവനെ പ്രതിഫലിപ്പിക്കണം. അബെലയെ സംബന്ധിച്ച്, അത് തന്റെ കൈകള്‍ -അല്ലെങ്കില്‍ അവളുടെ വിരലുകള്‍ ഇല്ലാത്ത അവസ്ഥ - അല്ല മറിച്ച് യേശു ആണ്. എല്ലാ വിശ്വാസികളെ സംബന്ധിച്ചും ഇത് ശരിയാണ്. ''എന്നാല്‍ മൂടുപടം നീങ്ങിയ മുഖത്തു കര്‍ത്താവിന്റെ തേജസ്സിനെ കണ്ണാടിപോലെ പ്രതിബിംബിക്കുന്നവരായി നാം എല്ലാവരും, ആത്മാവാകുന്ന കര്‍ത്താവിന്റെ ദാനമായി തേജസ്സിന്മേല്‍ തേജസ്സു പ്രാപിച്ച് അതേ പ്രതിമയായി രൂപാന്തരപ്പെടുന്നു'' എന്ന് 2 കൊരിന്ത്യര്‍ 3:18 പറയുന്നു.
അബെലയ്ക്കു സമാനമായി, ക്രിസ്തുവിന്റെ രൂപാന്തരീകരണ ശക്തിയാല്‍ (വാ. 18), ദൈവിക മഹത്വത്തിനായി മുഴങ്ങിക്കേള്‍ക്കുന്ന ഒരു ജീവിത സംഗീതം പുറപ്പെടുവിച്ചുകൊണ്ട് നമുക്കു നമ്മുടെ ജീവിതത്തെ മുന്നോട്ടു നയിക്കുവാന്‍ കഴിയും.